കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 2 പ്രധാന പ്രതികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദാലി സാജ് ആണ് ഗുണ്ടാ സംഘത്തെ ഏകോപിപ്പിച്ചത്.
അതേസമയം, കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ പരാതിയില്‍ പറയുന്നതിനേക്കാള്‍ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
റിമാന്‍ഡില്‍ കഴിയുന്ന എട്ട് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. കേസിലെ ഒന്‍പതാം പ്രതിയായ ബാബുവിന്റെ വീട്ടില്‍ നിന്ന് മാത്രം കണ്ടെത്തിയത് 23 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് രസീതുമായിരുന്നു.
പരാതിക്കാരനായ ഷംജീറിന്റെ മൊഴി നഷ്ടപ്പെട്ടത് 25 ലക്ഷം രൂപയാണ് എന്നായിരുന്നു. എന്നാല്‍ അതിനേക്കാളധികം തുക ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെടുത്ത സാഹചര്യത്തില്‍ കാറില്‍ കൂടുതല്‍ പണമുണ്ടായിരുന്നുവെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഷംജീറിന് പണം കൊടുത്തുവിട്ടത് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനാണെന്ന് വ്യക്തമായിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷര്‍ സുനില്‍ നായിക്കാണ് ധര്‍മ്മരാജന് പണം കൈമാറിയതെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചു. ഈ സാഹചര്യത്തില്‍ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.