തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി വി.കെ.രാജു ആലപ്പുഴയെത്തിയാണ് ചോദ്യം ചെയ്യുക. ബി ജെ പി നേതാക്കളായ ഗിരീഷ്, ഗണേഷ് എന്നിവരോട് അടുത്ത ദിവസങ്ങളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കും.
ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷ്. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിയാണ് ഗിരീഷ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മൊഴിയെടുക്കാനായില്ല.
തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാകാനാണ് നോട്ടീസ്.
റിമാന്റിലുള്ള കൂടുതല്‍ പ്രതികളില്‍ നിന്ന് മൊഴിയെടുക്കാനും നീക്കം നടക്കുന്നുണ്ട്. കൊവിഡ് ബാധിച്ചതിനാല്‍ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ഒരാള്‍ രോഗമുക്തനായതിനാല്‍ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം തുടങ്ങിയത്.
വാഹനാപകടമുണ്ടാക്കി കാറില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജിന്റെ ഡ്രൈവര്‍ ഷംജീര്‍ നല്‍കിയ പരാതി.
പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.