കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ്; ഒന്‍പത് പേര്‍ പൊലീസ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ഒന്‍പത് പേര്‍ പൊലീസ് കസ്റ്റഡിയില്‍. കുഴല്‍പ്പണ സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്.

ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം കവര്‍ന്നുവെന്ന ആരോപണം നേരിടുന്ന കേസാണിത്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറില്‍ വന്ന സംഘം പണം കവര്‍ന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവര്‍ന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മ്മ രാജന്റെ പരാതി.

എന്നാല്‍ കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി സത്യം പുറത്ത് വരണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ അവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിത്. നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ പരാതിക്കാരന് നോട്ടീസ് നല്‍കിയെങ്കിലും ഇത് വരെ വിശദദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

Top