തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുന്നു. കൊടകരയിലെ ഹവാല ഇടപാട് വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് ഉടന്‍ നല്‍കും. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നത്.
ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് 43 കോടി രൂപ ഹവാല ഇടപാടിലൂടെ വന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും.
മാര്‍ച്ച് 16 മുതല്‍ 9 തവണയായി 43 കോടിയാണ് ബിജെപിക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസര്‍കോഡ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്കാണ് പണമെത്തിയത്. 7 തവണ ഹവാല ഇടപാടുവഴിയാണ് കോഴിക്കോട് പണമെത്തിച്ചത്. രണ്ടു തവണ നേരിട്ടും കൊണ്ടുവന്നുവെന്നാണ് കണ്ടെത്തല്‍.