കൊടകര കുഴല്‍പ്പണക്കേസ്: ധര്‍മരാജന് രേഖകള്‍ ഹാജരാക്കാനായില്ല

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ഇടനിലക്കാരനായ ധര്‍മരാജന് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. പൊലീസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കും ഡ്രൈവര്‍ ഷംജീറും നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട കോടതി ഈ മാസം 13ലേക്ക് മാറ്റി.

രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജന്‍ വീണ്ടും സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ മൂന്നേകാല്‍ കോടി തന്റേതാണെന്നും 25 ലക്ഷം സുനില്‍ നായിക്കിന്റേതും കാര്‍ ഷംജന്റേതുമാണെന്നും ചൂണ്ടിക്കാട്ടി. ഇവ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍മരാജന്റെ ഹരജി.

ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ് കോടതിയെ അറിയിച്ചത്. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഇതിനു മുമ്പ് പണത്തിന്റെ ഉറവിടം തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോഴും കഴിഞ്ഞിരുന്നില്ല.

Top