കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ തീരുമാനം അറിയിക്കാന്‍ വീണ്ടും സമയം ആവശ്യപ്പെട്ട് ഇഡി. കളളപ്പണത്തിന്റെ ഉറവിടം ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ മറുപടി പറയുകയായിരുന്നു ഇഡി. വിശദമായ സത്യവാങ്മൂലം എഴുതി സമര്‍പ്പിക്കാന്‍ ഇഡിക്ക് ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇഡിക്ക് നിലപാട് അറിയിക്കാന്‍ പത്ത് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. കേരള പോലീസിന്റെ അധികാര പരിധിക്കപ്പുറത്ത് അന്വേഷണം നടത്തേണ്ടതിനാലാണ് ഇഡിയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, കേസില്‍ കണ്ടെടുത്ത പണവും കാറും വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ കോഴിക്കോട് സ്വദേശി ധര്‍മ്മരാജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി നീട്ടിവച്ചു. ഈ മാസം 30ന് വീണ്ടും പരിഗണിക്കും. പണത്തിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി ധര്‍മ്മരാജനോടാവശ്യപ്പെട്ടു.