കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി അറിയില്ലെന്ന ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ വാദം ശരിയല്ലെന്ന് സംസ്ഥാന പൊലീസ് വൃത്തങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 41 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കുഴല്‍പ്പണമായി എത്തിയതായി ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. സിപിഎം-. ബിജെപി ഒത്തുകളിയെത്തുടര്‍ന്നാണ് കൊടകര കേസ് അന്വേഷണം നിലച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സംഭവം നടന്നതിനുപിന്നാലെയും അതിനുശേഷവും മൂന്നു റിപ്പോര്‍ട്ടുകളാണ് ആദായ നികുതി വകുപ്പിന് നല്‍കിയത്. 2021 ഓഗസ്റ്റ് 8ന് നല്‍കിയ അവസാന റിപ്പോര്‍ട്ടില്‍ കുഴല്‍പ്പണ ഇടപാടിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിയിച്ചിരുന്നു. 41 കോടി രൂപയാണ് കുഴല്‍പ്പണമായി കര്‍ണാടകത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്. അഞ്ച് ശ്രോതസുകള്‍ വഴിയായിരുന്നു ഈ പണത്തിന്റെ വരവ്. ഇതില്‍ ഒരു സോഴ്‌സില്‍ നിന്നുളള പണമാണ് കൊളളയടിക്കപ്പെട്ടത്. സംഭവത്തിന് തൊട്ടുപിന്നാലെ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ടവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നെന്നും ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുമ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് കാലത്തെ കൊടകര കുഴല്‍പ്പണക്കേസിനെപ്പറ്റി മാധ്യമങ്ങള്‍ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലിനോട് ആരാഞ്ഞത്. കേട്ടുകേള്‍വിയേ ഉളളന്നും പണം തങ്ങള്‍ക്ക് കൈമാറിയിട്ടില്ലെന്നും കൂടുതല്‍ ഒന്നും അറിയില്ലെന്നുമായിരുന്നു ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദേബ് ജ്യോതി ദാസ് വ്യക്തമാക്കിയത്. എന്നാല്‍, ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് സംസ്ഥാന പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കൊളളയടിച്ചതും അതില്‍ ഒരു കോടി അന്‍പത്തിയാറ് ലക്ഷം രൂപ പൊലീസ് പിന്നീട് കണ്ടെത്തിയതും ഇന്‍കം ടാക്‌സിനേയും എന്‍ഫോഴ്‌സ്‌മെന്റിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിരുന്നു.
പിടികൂടിയ പണം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയതും കേസിന്റെ ഭാഗമായിക്കയും രേഖാമൂലം ഇന്‍കം ടാക്‌സ് തൃശൂര്‍ ഓഫീസിനെ അറിയിച്ചിരുന്നു. ഇതെല്ലാം നിലനില്‍ക്കെയൊണ് ഒന്നും അറിഞ്ഞില്ലെന്ന് ആദായനികുതി വകുപ്പ് കൈകഴുകുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇന്‍കം ടാക്‌സിന് പുറമേ ഇഡിക്ക് ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 2നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.