കൊടി സുനിയുടെ ഭീഷണി; ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ന് പരാതി നല്‍കും

കൊടുവള്ളി: കൊടുവളളി നഗരസഭാ കൗണ്‍സിലറും സ്വര്‍ണ വ്യാപാരിയുമായ കോയിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി. സംഭവത്തില്‍ മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കും. മജീദിന്റെ ഭാര്യ താമരശേരി പൊലീസിന് നാളെ പരാതി നല്‍കുന്നുണ്ട്. കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തില്‍ നാളെ കൊടുവളളി നഗരസഭ പ്രത്യേക യോഗം ചേരും.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊടി സുനി നിരന്തരം ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. കൊടി സുനി ജയിലില്‍ നിന്ന് 9207073125 എന്ന നമ്പറില്‍ നിന്ന് മെയ് 18ന് പതിനെട്ട് തവണയാണ് ഖത്തറിലേക്ക് വിളിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഈ നമ്പര്‍ നിലവില്‍ പ്രവര്‍ത്തന രഹിതമാണ്. ഈ നമ്പറിലുളള വാട്‌സ് ആപ് അവസാനം ഉപയോഗിച്ചിരിക്കുന്നത് ജൂണ്‍ 10നാണ്. മെയ് 23നാണ് കൊടി സുനി ഖത്തറിലെ വ്യാപാരി മജീദ് കോയിശേരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

കണ്ണൂരിലെ സുഹൃത്തിന്റെ കൈവശം സ്വര്‍ണമുണ്ടെന്നും മജീദിന് വാങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കുവാനും പറഞ്ഞു. കൃത്യമായ രേഖകളുണ്ടെങ്കില്‍ വാങ്ങാമെന്നായിരുന്നു മജീദിന്റെ നിലപാട്. അടുത്തദിവസം വിളിച്ചു നിര്‍ബന്ധമായും സ്വര്‍ണം വാങ്ങണമെന്നു സുനി ആവശ്യപ്പെട്ടു. ഈ വിവരം മജീദ് ഖത്തര്‍ പൊലീസില്‍ അറിയിച്ചതോടെയാണു ഭീഷണിയെത്തിയത്. ഭീഷണി പലവട്ടം തുടര്‍ന്നുവെന്നും മജീദ് ആരോപിക്കുന്നു. കൊത്തിക്കളയുമെന്നായിരുന്നു ഭീഷണിയെന്നും നിയമപരമായി കാര്യങ്ങള്‍ നോക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളോട് പറഞ്ഞതായും മജീദ് വ്യക്തമാക്കി.

അതേ സമയം കൊടി സുനിയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മജീദ് കൊഴിശേരിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്ന് കൊടുവള്ളി മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ മജീദ് പറഞ്ഞു.

Top