രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി കോൺഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്. എന്നാൽ, പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണ് താൻ വോട്ട് ചെയ്തത്. ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ക്രോസ് വോട്ടിങ് നടന്നത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹക്ക് വോട്ട് ചെയ്യേണ്ടിയിരുന്ന 140 എം.എൽ.എമാരിൽ ഒരാൾ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു. 140ൽ 139 വോട്ടുകൾ യശ്വന്ത് സിൻഹക്ക് ലഭിച്ചപ്പോൾ ഒരു വോട്ട് മുർമുവിന് വീണു. ഇത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കാണ് ചുവടുവച്ചിരിക്കുന്നത്
അതേസമയം, പശ്ചിമ ബംഗാളിൽ നിന്ന് ചേരിമാറി ഒരു വോട്ടു പോലും മുർമുവിന് വീണില്ല. 294ൽ 216 വോട്ടും സിൻഹക്ക് ലഭിച്ചു. അസമിലാണ് ഏറ്റവും കൂടുതൽ എം.എൽ.എമാർ ചേരിമാറി എൻ.ഡി.എക്ക് വോട്ടു ചെയ്തത്. 20 വോട്ട് മാത്രമേ അവിടെ യശ്വന്ത് സിൻഹക്ക് ലഭിച്ചുള്ളൂ.