ന്യൂഡല്‍ഹി: പ്രളയത്തിനിടെ ചെങ്ങന്നൂരില്‍ ആയിരക്കണക്കിന് ആളുകള്‍ മരണത്തിന്റെ വക്കിലാണെന്നു പറഞ്ഞുള്ള സജി ചെറിയാന്‍ എംഎല്‍എയുടെ നിലവിളി പബ്ലിസിറ്റിക്കു വേണ്ടിയുള്ളതായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.
ദുരന്ത സമയത്തു കോടികള്‍ ചെലവഴിച്ചുള്ള സരസ് കുടുംബശ്രീ മേള സംഘടിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു സജി ചെറിയാനെന്നും, ജില്ലാ ഭരണകൂടവും എംഎല്‍എയും ദുരന്തം മുന്നില്‍ കണ്ടു മുന്‍കരുതലിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും, പ്രളയത്തില്‍ ചെങ്ങന്നൂര്‍ മുങ്ങിയ സമയത്ത് ദുരന്ത ബാധിത പ്രദേശങ്ങളില്‍ താന്‍ ഉണ്ടായിരുന്നു, എന്നാല്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയ തന്നെ ഉപരോധിക്കാനാണ് സിപിഎം ശ്രമിച്ചത്. സത്യത്തില്‍ താനായിരുന്നു നിലവിളിക്കേണ്ടതെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
മാത്രമല്ല, സജി ചെറിയാനെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
നിയമസഭയില്‍ ജനങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ പോലും കഴിയാതെ നോക്കുകുത്തിയായി നിന്ന സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അര്‍ഹതയില്ലെന്നും, പാര്‍ട്ടിക്കുപോലും വിശ്വാസമില്ലാത്ത എംഎല്‍എയാണ് സജി ചെറിയാനെന്നും കൊടിക്കുന്നില്‍ പറഞ്ഞു.