kodiyari balakrishnan statement

തിരുവനന്തപുരം :ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായതിനെ ന്യായീകരിച്ച് കോടിയേരി രംഗത്ത്.

ദാമോദരന് സ്വന്തം നിലയ്ക്ക് കക്ഷികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് അവകാശമുണ്ട്. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ടോ എന്ന് പരിശോധിക്കും.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍.ചന്ദ്രശേഖരനു വേണ്ടിയും ദാമോദരന്‍ ഹാജരായ വിഷയം ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ നിന്നും ചിലര്‍ ഐഎസിലേക്ക് പോയതിനെ ഗൗരവത്തോടെ കാണണം. ഇതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല.

മുംബൈയിലെ മതപണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തികളെക്കുറിച്ച് പരിശോധിക്കേണ്ടതാണെന്നും ഭീകരവാദ സ്വാഭവമുള്ള ആളുകളെ മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top