യുഎഇ സഹായം വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന്‌ കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: കേരളത്തിന് യുഎഇ പ്രഖ്യാപിച്ച സഹായം വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിലവിലെ ചട്ടങ്ങള്‍ സഹായം സ്വീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണം.പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന് തുല്യമായ സഹായം കേന്ദ്രം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അദ്ദേഹം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അന്നൊന്നും ഒരു തരത്തിലുമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്ത ചെന്നിത്തലയുടെ ഇപ്പോഴത്തെ നിലപാട് നിഷേധാത്മകമാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Top