കണ്ണൂര്‍ : കീഴാറ്റൂരിലെ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേന്ദ്രത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി കണ്ണൂരിലെ കിളികളെ പിടിക്കാന്‍ ശ്രമിക്കുകയാണ്. ഫെഡറല്‍ ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രമെന്നും അദേഹം വിമര്‍ശിച്ചു.
കണ്ണൂരില്‍ കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
ബദല്‍ സാധ്യതകള്‍ക്കായുള്ള പഠനത്തിന് പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചിരുന്നു. പുതിയ പാതയ്ക്കായി കീഴാറ്റൂരില്‍ വിദഗ്ധ സമിതി പരിശോധന നടത്തും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് കേന്ദ്രം അറിയിച്ചു.
കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ സുരേഷ് കീഴാറ്റൂറും നമ്പ്രാടത്ത് ജാനകിയുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനമുണ്ടായത്.
വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കി കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കരുതെന്ന് വയല്‍ക്കിളി കൂട്ടായ്മ മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവായ സുരേഷ് കീഴാറ്റൂരും സംഘവും ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സന്ദര്‍ശിച്ച ശേഷമാണ് നിധിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്.