ജനവിധികള്‍ അട്ടിമറിക്കാനുള്ള എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് കോടിയേരി

Kodiyeri Balakrishanan

ആലപ്പുഴ: ജനവിധികള്‍ അട്ടിമറിക്കാനുള്ള എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. എക്‌സിറ്റ് പോളുകളില്‍ പലതും തെറ്റാണെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോള്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റ് കോണ്‍ഗ്രസിനു കിട്ടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 44 സീറ്റ് ആണ് ലഭിച്ചത്. ബംഗാളില്‍ സി.പി.എമ്മിന് 11സീറ്റ് എന്നത് രണ്ടു സീറ്റ് മാത്രമായെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫിന് വോട്ടു കുറയ്ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബി.ജെ.പിയെ പുറത്താക്കി ഇടതുപക്ഷത്തിന്റെ സഹായത്തോടെ ബദല്‍ സംവിധാനമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് കുടുതല്‍ സീറ്റു ലഭിക്കണം. കേരളത്തില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നു പറഞ്ഞ എ.കെ.ആന്റണി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top