തിരുവനന്തപുരം : ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ അക്രമി കടന്നു കയറിയത് അത്യന്തം ഗൗരവമുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരള ഹൗസിന്റെ ചുമതല കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസിനാണ്. പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നില്‍ എത്തിച്ചേരാന്‍ ഇടയായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
അക്രമി കത്തികാട്ടി ഭീഷണിമുഴക്കി കൊണ്ടിരിക്കുമ്പോള്‍ അയാളെ കീഴ്‌പ്പെടുത്താനോ കസ്റ്റഡിയിലെടുക്കാനോ ഒരിടപെടലും ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള പൊലീസിന്റെ കമാന്റോകളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അതേസമയം കേരള ഹൗസില്‍ കത്തിയുമായെത്തി ആത്മഹത്യാഭീഷണി മുഴക്കിയ മലയാളി യുവാവ് വിമല്‍രാജ് (46) മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആലപ്പുഴ കരീപ്പൂഴ കടവൂര്‍ കണ്ടാന്തറയില്‍ ദാവവന്റെ മകനാണ് ഇയാളെന്നും ന്യൂഡല്‍ഹി പോലീസ് ഡെപ്യുട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ്മ അറിയിച്ചു.
ഇയാളില്‍ നിന്നും മാനസികാസ്വാസ്ഥ്യം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇയാള്‍ 80 ശതമാനത്തിലധികം മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും അദ്ദേഹം അറിയിച്ചു. പരിശോധനകള്‍ക്ക് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങിയ കൊച്ചിന്‍ ഹൗസിന് മുന്നിലാണ് വിമല്‍രാജ് കത്തിയുമായെത്തിയത്. കൊച്ചിന്‍ ഹൗസിന് മുന്നില്‍ വച്ച് ഇയാള്‍ കത്തി പുറത്തെടുത്തതോടെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.
താന്‍ മരിക്കാന്‍ പോകുകയാണെന്നും ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമല്‍രാജ് വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമല്‍രാജ് പറഞ്ഞു.