തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് കാനത്തിന് പറയാനാകില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ്. ഒരു ഘടകകക്ഷിക്ക് മാത്രമായി ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും കോടിയേരി.
ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് മുന്‍പ് ചെങ്ങന്നൂരില്‍ മാണിയില്ലാതെയാണ് ജയിച്ചിട്ടുള്ളത്. യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം പറഞ്ഞിരുന്നു.
നേരത്തെ കാനത്തെ തള്ളി മാണിയും രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ട എന്ന കാനത്തിന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനാണെന്നായിരുന്നു മാണിയുടെ പ്രതികരണം.