നാട്ടില്‍ അക്രമികളുടെ വന്‍ തേര്‍വാഴ്ച , മുഖ്യമന്ത്രിയെ വെട്ടിലാക്കി കോടിയേരി

കണ്ണൂര്‍: പൊലീസിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. നാട്ടില്‍ അക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണെന്ന് ആരോപിച്ച കോടിയേരി പൊലീസ് കൃത്യമായി ഇടപെട്ടില്ലങ്കില്‍ ഇവിടെ അക്രമങ്ങള്‍ക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി.

പൊലീസ് നടപടി ശക്തമല്ലാത്തതാണ് അക്രമ സംഭവങ്ങള്‍ കൂടി വരാന്‍ കാരണം. ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങേണ്ട അവസ്ഥ പൊലീസ് ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു.

തലശ്ശേരി കൊമ്മല്‍വയലിലും മണോളിക്കാവിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ അക്രമമുണ്ടായതിനെ തുടര്‍ന്നു അവിടെ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കേസും പ്രത്യേകമായി പരിശോധിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുകയും വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

നേരത്തെ കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ അതു ലംഘിക്കപ്പെട്ടപ്പോഴും പൊലീസ് നടപടിയെടുത്തില്ല. ഇതാണ് അക്രമം വ്യാപകമാകാന്‍ കാരണം. അക്രമമുണ്ടാകുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍ തുടര്‍ അക്രമങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി ഭരിക്കുന്ന പൊലീസ് വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ആഞ്ഞടിച്ചത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്.

നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് തന്നെ ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കി കോടിയേരി രംഗത്ത് വന്നത് പ്രതിപക്ഷത്തിന് നല്ലൊരു ആയുധമാകും.

Top