കൊല്ലം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബത്തിന്റെ ആരോപണം തള്ളി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കും. കേസില്‍ പെട്ടതിന്റെ വിഷമത്തില്‍ ആയിരിക്കും ഇങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു.
കേസില്‍ പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞത്. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടുക്കണ്ടേ ആവശ്യമില്ല. പീതാംബരന്റെ കുടുംബത്തിനുണ്ടായ ധാരണയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
പാര്‍ട്ടിയോട് വളരെ കൂറുണ്ടായിരുന്ന ആളാണ് പീതാംബരനെന്നും പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും വെളിപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും മകള്‍ പറഞ്ഞു.