തിരുവനന്തപുരം: ഹര്‍ത്താലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ കുടുങ്ങരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഹര്‍ത്താലിന്റെ മറവില്‍ ചില സങ്കുചിത താത്പര്യക്കാര്‍ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്നും, ചില തീവ്രവാദ സംഘടനകള്‍ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
കത്വ സംഭവത്തില്‍ മതനിരപേക്ഷ, ജനാധിപത്യ മനസുകളെല്ലാം ജാതി, മത ഭേദമന്യേ പെണ്‍കുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഎം നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തു പ്രതിഷേധ ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ മറ്റ് എല്ലാവരോടും ചര്‍ച്ച ചെയ്തു തീരുമാനിച്ചു സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണു വേണ്ടത്. അതിനുപകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നതു നിക്ഷിപ്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഈ സംഭവത്തെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.