kodiyeri balakrishnan-dyfi meet at kochi

കൊച്ചി: പ്രശ്‌നങ്ങള്‍ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ആ ബോധ്യം ഉള്ളതുകൊണ്ടാണ് അടുത്തകാലത്തായി പല പരാതികളും ഉയര്‍ന്നു വരുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊച്ചിയില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കാഞ്ചേരി, കൊച്ചി സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കാലത്തെ സ്ത്രീ പീഡനം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് ഇവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് അഞ്ച് ടെലിവിഷന്‍ ചാനലുകള്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രചാരത്തില്‍ മുന്‍പന്തിയിലുള്ള പത്രങ്ങളെയും ആര്‍എസ്എസ് പ്രചാരണത്തിന് ഉപയോഗിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

ഹിന്ദു ആരാധാനലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആര്‍എസ് എസ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം തടയുന്നത് ഇതിന്റെ ഭാഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top