തിരുവനന്തപുരം : രാഷ്ട്രീയത്തെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമാണ് കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ മതവും ജാതിയും ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി തന്നെ വിലക്കിയിട്ടുണ്ട്. അത് ഭരണഘടനാനുസൃതമായ വിധിയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ലീഗ് എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗ്ഗീയത പ്രചരിപ്പിച്ച് വോട്ട് പിടിക്കുന്നതില്‍ ബി.ജെ.പിയുടെ വഴിയില്‍ മറ്റൊരു വിധത്തില്‍ സഞ്ചരിക്കുകയായിരുന്നു ലീഗും യു.ഡി.എഫും. ഇത്തരം പ്രഹരങ്ങളില്‍ നിന്നും പാഠം പഠിയ്ക്കാനല്ല, വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതിനാണ് യു.ഡി.എഫിന് താത്പര്യമെന്നാണ് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
കോടതിയില്‍ സാക്ഷി പറഞ്ഞവരെ പൊതുയോഗങ്ങളില്‍ ഭീഷണിപ്പെടുത്തുന്നത് കോടതിയില്‍ തിരിച്ചടി നേരിട്ടതിന് ശേഷം കെ.എം.ഷാജി പതിവാക്കി മാറ്റിയിരിക്കുകയാണെന്നും ജുഡീഷ്യറിയ്ക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിയ്ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവച്ച് ഹൈക്കോടതി ഉത്തരവ് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് പറഞ്ഞ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിരുന്നു.