തിരുവനന്തപുരം: ഒടുവില്‍ പതിനെട്ട് ദിവസം പിന്നിട്ട വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തിറങ്ങി.
ലോ അക്കാദമി മാനേജ്‌മെന്റ് വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ത്ഥി പ്രശ്‌നമാണ്. അതു ഏറ്റെടുത്ത് നടത്താനും വിജയിപ്പിക്കാനും ആവശ്യമായ കരുത്ത് എസ്എഫ്‌ഐക്കുണ്ട്. വിദ്യാര്‍ത്ഥി സമരത്തില്‍ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടാല്‍ സമരം സിപിഐഎം ഏറ്റെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
സമരം രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റാനുള്ള നീക്കങ്ങളെ ജാഗ്രതയോടെ കാണണം, എസ്.എഫ് ഐ വിരുദ്ധ സമരമാക്കി മാറ്റാന്‍ ആരും മെനക്കെടണ്ട. അങ്ങിനെയുള്ള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരിക്കണം. ഈ സമരത്തെ വിദ്യാര്‍ത്ഥി സമരമായി കണ്ട് ഇടപെടണമെന്നും കോടിയേരി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകണം. മുന്‍കാലങ്ങളിലെ പോലെ പ്രശ്‌നം പരിഹരിക്കാന്‍ രമ്യമായ ഇടപെടലാണ് ഇപ്പോഴത്തെയും മാനേജ്‌മെന്റ് നടത്തേണ്ടത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ക്കെതിരെ നിരാഹാര സമരം നടത്തുന്ന എസ് എഫ് ഐ സമര പന്തലാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം കോടിയേരി സന്ദര്‍ശിച്ചത്. സി പി എം നേതാക്കളായ പി.കെ ശ്രീമതി, വി ശിവന്‍കുട്ടി,എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള കോടിയേരിയുടെ സന്ദര്‍ശനം സി പി എം വിഷയത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചന കൂടിയാണ്. കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മറ്റിയും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.
എസ് എഫ് ഐ തുടക്കമിട്ട ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കുന്നതിനായി പാര്‍ട്ടിയില്‍ തന്നെ ചില ഇടപെടലുകള്‍ നടക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സി പി എം സംസ്ഥാന നേതൃത്വം കര്‍ക്കശ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലയിലെ സി പി എംന്റെ പ്രമുഖ നേതാവുമായിരുന്ന കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്‍ നാരായണന്‍ നായരാണ് ലോ അക്കാദമി ഭരണ സമിതി ഡയറക്ടര്‍. ഇദ്ദേഹത്തിന്റെ മകളാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഭരണ സമിതിയിലും മറ്റും ഇവരുടെ തന്നെ ബന്ധുക്കള്‍ക്കാണ് മുന്‍തൂക്കം.
കോളേജ് സ്ഥിതി ചെയ്യുന്ന 13 ഏക്കര്‍ ഭൂമിയില്‍ 10 ഉം സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമി ആയതിനാല്‍ അത് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തെ വഴിതിരിവില്‍ കൊണ്ട് വന്നത് ആദ്യം എസ് എഫ് ഐ സമര പന്തല്‍ സന്ദര്‍ശിച്ച വി എസ് ആണ്.
കേരളം മൊത്തം വിവാദമായ സംഭവത്തില്‍ എബിവിപി ,ബി ജെ പി, കെ എസ് യു, എം എസ് എഫ് ,എ ഐ എസ് എഫ് സംഘടനകളും സമര രംഗത്താണ്.
സമരം വിജയിക്കാതെ പിന്‍മാറിയാല്‍ ലോ അക്കാദമിയില്‍ മാത്രമല്ല സംസ്ഥാനത്താകെ സംഘടനാപരമായ വലിയ തിരിച്ചടിയുണ്ടാകുമെന്നും എസ് എഫ് ഐയുടെ ക്രഡിബിലിറ്റി നഷ്ടമാകുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ സി പി എം നേതൃത്വത്തെ അറിയിച്ചിരുന്നു.
ഈ പശ്ചാതലത്തിലാണ് കോടിയേരി തന്നെ സമര പന്തല്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ചില്ലങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കണമെന്ന ആവശ്യം എസ് എഫ് ഐ നേതാക്കള്‍ കോടിയേരിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബി ജെ പി കേന്ദ്ര തലത്തില്‍ ഇടപെട്ട് ഗവര്‍ണറെകൊണ്ട് തീരുമാനമെന്തെങ്കിലും എടുപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് സി പി എംഉം ഇപ്പോള്‍ ആഗ്രഹിക്കന്നത്.