കെവിന്റെ കുടുംബത്തിന് സ്വന്തമായി വീടും ഭാര്യ നീനുവിന് ജോലിയും നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Kevin's death

കോട്ടയം: പ്രണയവിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് സ്വന്തമായി വീടും ഭാര്യ നീനുവിന് ജോലിയും നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെവിന്റെ കുടുംബം നിരാലംബരാകാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ ഒരുക്കും. ഇതിന്റെ ഭാഗമായി വീട് നിര്‍മിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പട്ടിക ജാതി ക്ഷേമസമിതി സംഘടിപ്പിച്ച ‘ജാത്യാചാര വേട്ടക്കെതിരെ മാനവിക സംഗമസദസ്സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെവിന്‍ വധക്കേസില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനം ആഘോഷപരിപാടിയായി ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിച്ചു. മുന്‍മന്ത്രിമാര്‍ അടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ ഒത്തുകൂടി തെരഞ്ഞെടുപ്പ് മുതലാക്കാമെന്ന് കണക്കുകൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റവും ഇയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് ചെങ്ങന്നൂരിലെ ജനങ്ങളെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അക്കാര്യങ്ങള്‍ പിന്നെ ചര്‍ച്ചയായില്ല. ഒരുകൂട്ടം മാധ്യമ ജഡ്ജിമാര്‍ ചാനലിലിരുന്ന് ഇടതുപക്ഷം തവിടുപൊടിയാകുമെന്ന് പ്രഖ്യാപിച്ചു. അതൊന്നും വിലപ്പോയില്ല. കെവിന്‍ സംഭവത്തില്‍ ഒത്തുകളിച്ച പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തു.

നീനുവിനെ പ്രണയിച്ച കെവിനെ വിവാഹത്തിന് തടസ്സമുണ്ടായപ്പോള്‍ സഹായിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. കെവിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറടക്കം രണ്ടുപേര്‍ ഡി.വൈ.എഫ്.ഐക്കാരെന്ന് മനസ്സിലായിയിട്ടും സര്‍ക്കാര്‍ സംരക്ഷണം കൊടുത്തില്ല. ബാക്കിയുള്ള പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങള്‍ അക്കാര്യം മറച്ചുവെച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top