കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തിന്റെ ഭരണം പട്ടാളത്തെ ഏല്‍പ്പിക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പട്ടാളത്തിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് അതിദയനീയ സാഹചര്യമാണ് നേരിടുന്നത്. കേരളം ഒരു പോലെ കൈകോര്‍ത്ത് നിന്നിട്ടും രക്ഷാപ്രവര്‍ത്തനം വൈകുന്നുവെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. സെന്യത്തിന്റെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും, പട്ടാളത്തിന്റെ സേവനം ആവശ്യപ്പെടുന്നതില്‍ ദുരഭിമാനം എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.