തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്‌ക്കെതിരായ പീഡന പരാതി വിവാദമായതിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എന്നിവരാണ് എകെജി സെന്ററിലെത്തിയ ശേഷം കോടിയേരിയെ കണ്ടത്.
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള പരാതി ലഭിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ലഭിച്ച പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതി അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആഗസ്റ്റ് 14ന് അയച്ച പരാതിയല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊന്നും തനിക്കറിയില്ലെന്നും തിങ്കളാഴ്ചയാണ് തനിക്ക് പരാതി ലഭിച്ചതെന്നും അന്നു തന്നെ പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുവതിയുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവും സിപിഎം പാലക്കാട് ജില്ലാ നേതൃത്വവും ഇതുവരെ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് പ്രകാശ് കാരാട്ടും അറിയിച്ചു.
എന്നാല്‍ തനിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ ശശി പറഞ്ഞു. പരാതിക്കാരിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും പി.കെ ശശി പറഞ്ഞു.
പി.കെ.ശശി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനാണ് യുവതി പരാതി നല്‍കിയത്. രണ്ടാഴ്ച മുമ്പാണ് വനിതാ നേതാവ് വൃന്ദയ്ക്ക് പരാതി നല്‍കിയത്.