കണ്ണൂര്‍: പ്രതിപക്ഷത്തിന് ആയുധമാകുന്ന തരത്തിലുള്ള വാക്കോ പ്രവൃത്തിയോ ഇടതുമുന്നണി ഘടകകക്ഷികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ എല്ലാ കക്ഷികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ് ആശയവ്യക്തത വരുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്.
രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാകണം. അത് തുറന്നു പറയുന്നതില്‍ തെറ്റില്ല. മുന്നണി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നും മുന്നണിയിലില്ല.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടുത്തിടെ സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശങ്ങള്‍ ആയുധമാക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചത്.
യുഎപിഎ ചുമത്തിയ കേസുകളില്‍ പുനഃപരിശോധന നടന്നുവരികയാണ്. സിപിഎം യുഎപിഎക്ക് എതിരല്ല.
മന്ത്രിസഭ തീരുമാനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തെങ്കിലും തടസം നിലവിലില്ല. വിവരാവകാശ നിയമപ്രകാരം വിവരം നല്‍കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാരിനില്ല. മന്ത്രിസഭ തീരുമാനം ഉത്തരവായി ഇറങ്ങിയാല്‍ മാത്രമെ ഇത് പങ്കുവയ്ക്കാവൂ എന്നാണ് കോടതി വിധി. ഇതില്‍ വ്യക്തത തേടിയാണ് കോടതിയെ സമീപിച്ചത്.
നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് നടപടി അനിവാര്യമായിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലായി ആരോപിക്കപ്പെടുകയായിരുന്നു. നക്‌സലേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു. നിലമ്പൂരില്‍ നടന്നത് അത്തരത്തിലൊന്നല്ല. നിലമ്പൂരിലെ പൊലീസ് നടപടിയുടെ പേരില്‍ നടന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
ജിഷ്ണു കേസില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി ജിഷ്ണു കേസിലെ പ്രശ്‌നം പരിഹരിക്കാനാകില്ല. ജിഷ്ണുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നാണ് സിപിഎം നിലപാട്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ ആദ്യമായി കേസെടുത്തത് പിണറായി സര്‍ക്കാരാണ്.
ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ജിഷ്ണുവിന്റെ കുടുംബത്തിന് വിഷമതകളോ പരാതികളോ ഉണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രിയുടെ തന്നെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. സമര സ്ഥലത്തു നിന്നും മഹിജയെ നീക്കം ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തത്. മഹിജക്കെതിരെ അതിക്രമം നടന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. അക്രമം നടന്നതായി തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജിഷ്ണു കേസിലെ നിലപാട് ഹൈക്കോടതി പുനഃപരിശോധിക്കണം. വളയത്തെ ഒരു നന്ദിഗ്രാമാക്കി മാറ്റാനായിരുന്നു കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.
മുന്നാറിലെ കുടിയേറ്റക്കാര്‍ക്ക് ഉപാധിരഹിത പട്ടയം എന്നാണ് സിപിഎം നിലപാട്. മൂന്നാറിന്റെ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അനധികൃത കയ്യേറ്റം തടയണമെന്നു തന്നെയാണ് സിപിഎം നയം. ദേവീകുളത്ത് സബ്കളക്ടറെ തടഞ്ഞത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു.
രമണ്‍ ശ്രീവാസ്തവയുടെ നിയമനത്തില്‍ അപാകതയില്ല. എല്‍ഡിഎഫ് ഭരണകാലത്ത് ശ്രീവാസ്തവ ഡിജിപിയായിരുന്നു. കാനം പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ഡിജിപിയാകുന്നതിന് മുമ്പ് ഉള്ളതാണ്. അത്തരം കാര്യങ്ങള്‍ നോക്കിയാല്‍ ഒരു നിയമനവും സാധ്യമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ബലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ആര്‍എസ്എസിന്റെ ശ്രമം. സര്‍ക്കാരിനെതിരായ ജനവികാരം ഉണര്‍ത്താനാണ് റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം. സര്‍ക്കാരിനെതിരെ ജനവികാരം വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് പിന്നിലെന്നും സര്‍ക്കാരിന് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂട്ടു നില്‍ക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.