kodiyeri balakrishnan – santhosh madhavan

തിരുവനന്തപുരം: മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് തിരിച്ചു നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടു മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് റവന്യൂ വകുപ്പ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ച പദ്ധതിക്കാണ് ഇപ്പോള്‍ തിരക്കിട്ട് അനുവാദം നല്‍കിയിരിക്കുന്നത്. ഐ.ടി വ്യവസായത്തിനെന്ന വ്യാജേനയാണ് 90 ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെട്ട സ്ഥലം സംസ്ഥാന സര്‍ക്കാര്‍ പതിച്ചുനല്‍കിയിരിക്കുന്നതെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

2009ല്‍ ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡിന്റെ കൈയിലുള്ള 118 ഏക്കര്‍ ഭൂമി മിച്ചഭൂമി എന്ന നിലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. പിന്നീട് ഈ കമ്പനി മെസ്സേസ് കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മാറ്റി ഈ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള ഭൂപരിധി ഒഴിവിനായി സര്‍ക്കാരിനെ കമ്പനി സമീപിച്ചിരുന്നു എങ്കിലും ഇതിനു പിന്നില്‍ പൊതു താല്‍പ്പര്യമല്ല, റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമാണെന്ന് കാണിച്ച് ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ തന്നെ തള്ളിയിരുന്നു.

ഈ ഭൂമി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലമായതിനാല്‍ കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ഭൂമി വിട്ടുനല്‍കാനാവില്ലെന്നും വ്യക്തമാക്കിയതാണ്. എന്നിട്ടും ഈ ഭൂമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള മെസ്സേസ് കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിട്ടുകൊടുക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്തുപോകുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കിക്കൊണ്ട് അഴിമതിയുടെ പരമ്പര തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ പരമ്പരയുടെ തുടര്‍ച്ചയായാണ് ഈ മിച്ചഭൂമി പോലും കൈമാറുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. ഈ തീരുമാനം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും കോടിയേരി പറഞ്ഞു.

Top