കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍

KODIYERI

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വനിതാ സംവരണബില്‍ ലോകസഭയില്‍ അവതരിപ്പിച്ച്‌ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാസംവരണ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം. ബിജെപിയെ നയിക്കുന്ന ആര്‍.എസ്.എസ് മനുസ്മൃതിയിലധിഷ്ഠിതമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധതയാണ് അതിന്റെ ആധാരശില.സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സാമൂഹ്യ നീതിയുടേയും സ്ത്രീപുരുഷ സമത്വത്തിന്റെയും ഭാഗമാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എമ്മിന്റെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തത്.

സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുള്ളത് എല്‍.ഡി.എഫിനാണ്. പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് രൂപീകരിച്ചും പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ കൂടുതല്‍ സ്ത്രീപ്രാതിനിധ്യം നല്‍കി പാര്‍ട്ടി മാതൃക കാട്ടുമെന്നും കോടിയേരി പറഞ്ഞു.

Top