തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടാം വിമോചന സമരത്തിന് കോണ്‍ഗ്രസ്സും ബിജെപിയും ഇടതുപക്ഷ വിരുദ്ധരും ശ്രമം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ചില കോര്‍പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയാണ് ഈ നീക്കം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജിഷ്ണു പ്രണോയിയുടെ വിഷയമെന്നും കോടിയേരി പറഞ്ഞു.
1957ല്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധരും ഒത്തുചേര്‍ന്നാണ് ഇഎംഎസ് സര്‍ക്കാരിനെതിരെ പടനയിച്ചതെങ്കില്‍ ഇപ്പോള്‍ ആര്‍എസ്എസും ഇടതുപക്ഷ വിരുദ്ധരും യുഡിഎഫും ഒത്തുചേര്‍ന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിക്കുന്നത്.
ചില പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് നീക്കമെന്നും കോടിയേരി പറഞ്ഞു.
ജിഷ്ണു കേസില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ധൈര്യംകാട്ടിയ സര്‍ക്കാരാണിത്. കോടതി പ്രതികള്‍ക്ക് ജാമ്യംനല്‍കിയതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ദുരുദ്ദേശമാണുള്ളത്. വേദനിക്കുന്ന അമ്മയുടെ മാനസികനില ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പിനാണ് ചിലര്‍ ശ്രമിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഡിജിപി ഓഫീസിനുമുന്നില്‍ സമരം നിരോധിച്ചത് എകെ ആന്റണി മുഖ്യമന്ത്രിയായപ്പോഴാണെന്നും ഈ വസ്തുതകള്‍ വലതുപക്ഷം സൗകര്യപൂര്‍വം മൂടിവയ്ക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.