തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന വാർത്തയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും.
ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായാണ് കോടിയേരി അവധിയെടുക്കുന്നത്. പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയറ്റും നിഷേധിച്ചിട്ടുണ്ട്.
അമേരിക്കയില്‍ പരിശോധനകള്‍ കഴിഞ്ഞ തിരിച്ചെത്തിയ കോടിയേരിയ്ക്ക് തുടര്‍ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ചികിത്സയ്ക്ക് പോയപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല. പാര്‍ട്ടി സെന്‍റ്റായിരിന്നു കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്.
മുഖ്യമന്ത്രിയടക്കം മന്ത്രിമാർ വിദേശസന്ദർശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണിത്. പ്രതിപക്ഷം വലിയ വിമർശനമുന്നയിച്ച സാഹചര്യത്തിൽ വിദേശസന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായേക്കും.
കെഎസ്ആർടിസി പ്രതിസന്ധി, മാർക്ക് ദാന വിവാദത്തിലെ ഗവർണറുടെ ഇടപെടൽ, കൈതമുക്ക് സംഭവം, വയനാട്ടിൽ വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം എന്നിവയും യോഗം ചർച്ച ചെയ്യും. 19,20 തിയതികളില്‍ സംസ്ഥാനസമിതിയും ചേരുന്നുണ്ട്.