തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് പ്രയാറിനും സംസ്ഥാനത്തെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കുമെന്നും കോടിയേരി പറയുന്നു.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗികമായ വിലക്ക് കേവലം ആചാരവിഷയമായി മാത്രം കാണാനാകില്ല .
ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂ. ഇതിനെ വികാരപരമായ പ്രശ്‌നമായി അവതരിപ്പിച്ച് ഭക്തജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢപരിശ്രമത്തെ വിളിച്ചറിയിക്കുന്നതാണ് ചിങ്ങപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് നടത്തിയ ഉപവാസപ്രാര്‍ഥനാ യജ്ഞം.
സന്നിധാനത്ത് സമരപരിപാടി വിലക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിച്ചാണ് പ്രയാറിന്റെ നേതൃത്വത്തില്‍ പന്തല്‍കെട്ടി 12 മണിക്കൂര്‍ സമരം നടത്തിയതെന്നും കോടിയേരി പറയുന്നു.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഭരണഘടനാപരമായി തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കുന്നതിനു പകരം ഒരുകൂട്ടം ഭക്തന്മാരെ മതത്തിന്റെയും ആചാരത്തിന്റെയുംപേരില്‍ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നത് നല്ല പ്രവണതയല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.