ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നുവെന്ന് കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് വേറെ വഴികളില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് തടയാന്‍ മോദിയും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുകയാണ്. ശ്രീരാമന് പകരം കേരളത്തില്‍ ബിജെപി അയ്യപ്പനെ ഉപയോഗിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

ആര്‍എസ്എസ് എല്ലാകാലത്തും പിന്തിരിപ്പന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എത്തിയ അക്രമികള്‍ പരിശീലനം ലഭിച്ചവരാണെന്നും അദ്ദേഹം അറിയിച്ചു. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തില്‍ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ മുന്നോട്ടുപോക്കിനൊപ്പം നിന്നവരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചര്‍ച്ചയും നാളെ നടക്കും. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിധി നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ വേറെ വഴിയില്ല.

Top