തിരുവനന്തപുരം: ഇടതുപക്ഷം അധികാരത്തില്‍ വന്നിരുന്നില്ലെങ്കില്‍ ജിഷ വധക്കേസിലെ പ്രതി മറ്റൊരു സുകുമാരക്കുറുപ്പ് ആകുമായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ സര്‍ക്കാര്‍ വന്നതുകൊണ്ട് മാത്രമാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ആദ്യ സംഘത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണസംഘം കേസ് തെളിയിച്ചതെന്ന മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവകാശവാദത്തിനില്ലെന്നും ചെരിപ്പെങ്കിലും ബാക്കിവെച്ചതിനാല്‍ കേസ് തെളിയിക്കാനായെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
മുന്‍ അന്വേഷണസംഘം തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അത് എന്തിനുവേണ്ടിയായിരുന്നെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചത് ദുരൂഹമാണെന്നും കോടിയേരി ആരോപിച്ചു.
അതേസമയം കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്ന് ആരോപണത്തിന് പിന്നാലെ തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോഴും ഭരണപക്ഷത്തായിരുന്നപ്പോഴും പോയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. കേസില്‍ ശരിയായ അന്വേഷണം നടത്തണമെന്നു മാത്രമായിരുന്നു തങ്ങളുടെ ആവശ്യമെന്നും കോടിയേരി വ്യക്തമാക്കി.