തിരുവനന്തപുരം : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജനരക്ഷാ യാത്രയില്‍ നിന്നുള്ള പിന്മാറ്റത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കൊട്ടിഘോഷിച്ച് നടത്തിയ ജനരക്ഷായാത്ര ശുഷ്കയാത്രയായി മാറി. കുമ്മനം രാജശേഖരനെ സിംഹമെന്ന് വിശേഷിപ്പിച്ച അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിലൂടെ നടക്കാനുള്ള ധൈര്യം ഇല്ലാത്തതിനാലാണ് അമിത് ഷാ പിന്മാറിയതെന്നായിരുന്നു കോടിയേരി അഭിപ്രായപ്പെട്ടത്.
ജനരക്ഷാ യാത്രയുടെ മൂന്നാം ദിനമായ ഇന്ന് മമ്പുറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.
എന്നാല്‍ ഇന്നുരാവിലെ അമിത് ഷാ പദയാത്രയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയുമായി അടിയന്തര ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നതിനാലാണ് അമിത് ഷാ യാത്ര റദ്ദാക്കിയതെന്ന് കുമ്മനം രാജശേഖരന് അറിയിച്ചത്.