ഒരുതരത്തിലുള്ള ബാഹ്യസമ്മര്‍ദവും അന്വേഷണ സംഘത്തിനുമേല്‍ ഉണ്ടായില്ലന്ന് കോടിയേരി

ആലപ്പുഴ: കുറ്റം ചെയ്തവര്‍ എത്ര ഉന്നതരാണെങ്കിലും തെളിവുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നയത്തിന്റെ സൂചനയാണ്
നടന്‍ ദിലീപിന്റെ അറസ്റ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസില്‍ ഗൂഢാലോചന തുടക്കത്തില്‍ പ്രകടമാകാതിരുന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് അങ്ങനെ പറയേണ്ടിവന്നത്. എന്നാല്‍, അന്വേഷണം പുരോഗമിച്ചശേഷം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി തുടങ്ങി. വ്യക്തമായ തെളിവ് ലഭിക്കാതെ മുഖ്യമന്ത്രിക്കാണെങ്കിലും അഭിപ്രായം പറയാന്‍ കഴിയില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെളിവ് ലഭിച്ചാല്‍ ഉന്നതനാണെങ്കിലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിരുന്നു.
ആരെ പ്രതിയാക്കണമെന്നും അല്ലെന്നും തീരുമാനിക്കുന്നത് സര്‍ക്കാറല്ല, അന്വേഷണ ഉദ്യോഗസ്ഥരാണ്. അവര്‍ നിഷ്പക്ഷമായി അന്വേഷിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവം. ഇതില്‍ അഭിപ്രായം പറയേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണ്. താന്‍ ആ ടീമില്‍പെട്ടയാളല്ലന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തെ മുന്‍വിധിയോടെ കാണുന്ന സമീപനം സര്‍ക്കാറിനില്ല. അന്വേഷണത്തില്‍ സി.പി.എം ഇടപെടാറില്ല. ഒരുതരത്തിലുള്ള ബാഹ്യസമ്മര്‍ദവും അന്വേഷണ സംഘത്തിനുമേല്‍ ഉണ്ടായില്ല എന്നതിന് ഉദാഹരണം കൂടിയാണ് ഈ അറസ്റ്റ്. സിനിമ മേഖലയില്‍ നല്ലതല്ലാത്ത പല പ്രവണതകളും ഉള്ളതിെന്റ ഭാഗമാണിതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

കെ.ആര്‍. ഗൗരിയമ്മക്ക് അവരുടെ വസതിയില്‍ എത്തി പിറന്നാള്‍ ആശംസ നേര്‍ന്നശേഷം വാര്‍ത്തലേഖകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

Top