നയരേഖ 1956ലേത് പോലെ ചരിത്രപരമായ രേഖ: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ 1956-ലേത് പോലെ ചരിത്ര പരമായ രേഖയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്നതാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നിര്‍ദേശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമെ നടപ്പാക്കാവൂ എന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ അവതരിപ്പിച്ച നയരേഖ സിപിഎമ്മിന്റെതാണ്. അതിന്റെ കോപ്പി ഘടകക്ഷികള്‍ക്ക് നല്‍കും. അതിന് ശേഷം നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ നടപ്പാക്കും. നയരേഖയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ചില കാര്യങ്ങളും ചില പ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും വന്നത് കാര്‍ഷിക മേഖല ശക്തിപ്പെടുത്തണമെന്നതാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതോടൊപ്പം വിപണന സംവിധാനം ഉണ്ടാക്കണം. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സഹകരണമേഖലയും യോജിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം.

 

Top