മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നയാളാണ് താനെന്നും കോടിയേരി

തിരുവനന്തപുരം: വര്‍ഗീയത പറയുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് താന്‍ പറഞ്ഞത് വര്‍ഗീയതയല്ല. മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നയാളാണ് താനെന്നും കോടിയേരി പറഞ്ഞു. താന്‍ പറഞ്ഞത് വര്‍ഗീയതയെങ്കില്‍ അതിന് മുമ്പ് വര്‍ഗീയത പറഞ്ഞത് രാഹുലാണെന്നും കോടിയേരി പറഞ്ഞു.

തന്റെ വിമര്‍ശനം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെയാണ്. രാഹുല്‍ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹന്‍ ഭാഗവതിന്റെ നിലപാടാണ്. ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ഭരണം നടത്തിയത് സാമുദായിക ശക്തികളെന്നും അദ്ദേഹം വിമര്‍ശിച്ചു.

മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന് പറഞ്ഞ് ഹിന്ദുക്കളെ ഭരണം ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസ്, മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്നും ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.

 

Top