തിരുവനന്തപുരം: കേരളത്തിലെ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയില്‍ അപ്പീല്‍ അധികാരമില്ലാത്തത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും കോടിയേരി വിശദീകരിച്ചു.
അപ്പീലില്ലാത്തതാണ് നിലവിലെ ലോകായുക്ത നിയമത്തിലെ പ്രശ്‌നം. ‘ഇപ്പോഴത്തെ നിയമമനുസരിച്ച് ലോകായുക്ത തീരുമാനിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ കഴിയും. അപ്പീലിന്മേലാണ് ഭേദഗതി വരുത്തുന്നത്. ലോകായുക്തയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍ ബിന്ദുവിനും എതിരെയുള്ള പരാതികളുമായി നിയമഭേദഗതിക്ക് ബന്ധമില്ലെന്നും നിയമവിരുദ്ദമായൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം.
‘കേരളത്തില്‍ ലോകായുക്ത നിയമം എല്‍ഡിഎഫ് സര്‍ക്കാരാണ് കൊണ്ടുവന്നത്. അതിന് ശേഷമാണ് കേന്ദ്രത്തില്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നത്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ലോകായുക്ത നിലവിലുണ്ട്. ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്തകളും പരിശോധിച്ച ശേഷമാണ് ഇവിടത്തെ നിയമത്തില്‍ ഭേദഗതി വേണമെന്ന് 2021 ഏപ്രില്‍ 13 ന് അന്നത്തെ എ. ജി സുധാകര പ്രസാദ് ഉപദേശം നല്‍കിയത്.
ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണ ഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്തയ്ക്ക് ഇത്തരമൊരു അനുവാദം നല്‍കുന്നതിലെ ഭരണ ഘടനാ പ്രശ്‌നമാണ് എജി ചൂണ്ടിക്കാട്ടിയത്. ഇത് പരിഗണിച്ചാണ് ഓഡിനന്‍സ് കൊണ്ടുന്നതെന്നും കോടിയേരി പറഞ്ഞു. 2006 ലും സമാനമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ സമയത്താണ് ഇത് ആദ്യം പരിഗണിക്കപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു.
കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, രാജസ്ഥാന്‍, ബിഹാര്‍ ഗുജറാത്ത് അടക്കം സംസ്ഥാനങ്ങളിലെ ഭരണ ഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാന്‍ ലോകായുക്തക്ക് അധികാരമില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി അങ്ങനെ തന്നെയാണ്. 2020 തില്‍ ഭേദഗതിയോടെയാണ് പഞ്ചാബ് ഇത് കൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന യുപിയിലും ഗുജറാത്തിലും ഭരണ ഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാന്‍ അധികാരം നല്‍കുന്നില്ലെന്നും കോടിയേരി ന്യായീകരിക്കുന്നു.
ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരെ പരാതി വന്നതിന് അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന വാദം തെറ്റാണെന്ന് കോടിയേരി പറഞ്ഞു. നേരത്തെയും മന്ത്രിമാര്‍ക്കെതിരെ സമാനമായ പരാതികളുണ്ടായിരുന്നുവെന്നും ഇനിയും പരാതി നല്‍കാമെന്നുമാണ് കോടിയേരിയുടെ വിശദീകരണം.
പ്രതിപക്ഷ നേതാവുമായി കൂടിയാലോചന ഉണ്ടായില്ലെന്ന ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടത്. ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.