തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര കളിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ ഉണ്ടായത്. സമ്മേളനത്തിനകത്ത് നടന്ന സംഭവമല്ല തിരുവാതിരകളി. പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ടെന്നും അത്തരത്തിലുള്ള ഒന്നാണിതെന്നും കോടിയേരി പറഞ്ഞു.
പി. ജയരാജനെ പുകഴ്ത്തിയ പാട്ടുണ്ടായപ്പോള്‍ നടപടിയെടുത്തത് വേറെ വിഷയമാണെന്നും അതും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നും കോടിയേരി പറഞ്ഞു. രണ്ടും വ്യത്യസ്തമായ കാര്യമാണ്. പിജെ ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുണ്ടായ പ്രശ്‌നങ്ങളാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയതും നടപടിയെടുത്തതും. മെഗാ തിരുവാതിര തെറ്റാണെന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നതു തന്നെ തിരുത്തല്‍ നടപടിയുടെ ഭാഗമാണെന്നും കോടിയേരി വിശദീകരിച്ചു.