തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളെ വിലയിരുത്തി സംസ്ഥാനത്തെ പോലീസ് സേനയെ ആകെ വിമര്‍ശിക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പോലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കൊല്ലം ജില്ലാ സമ്മേളന പൊതുചര്‍ച്ചയിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കൊല്ലം, പാലക്കാട് ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും കോവളത്ത് വിദേശ പൗരനോടുള്ള പെരുമാറ്റവും വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് കോടിയേരിയുടെ പ്രതികരണം. അതേസമയം, പൊലീസിനെ കുറിച്ച് കൊല്ലത്തെ സമ്മേളന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
പൊലീസിനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനമായിരുന്നു പാലക്കാട്, കൊല്ലം ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നത്. പൊലീസിന്റെ നിയന്ത്രണമില്ലാത്ത ഇടപെടല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തുന്നുവെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിലും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പാര്‍ട്ടി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.