കൊച്ചി: സംസ്ഥാനത്തെ വികസനപദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാര്‍. വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.
സിപിഎമ്മിന്റെ ആശയസംഹിതയില്‍ ഉറച്ചുനിന്നാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയില്‍ അടക്കമുള്ള വിഷയത്തില്‍ സിപിഎമ്മിന് ഉള്ളില്‍ നിന്നും തന്നെ എതിര്‍പ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം.
വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്ന് അവകാശപ്പെട്ട കോടിയേരി സംസ്ഥാന സമ്മേളനത്തില്‍ ആര് പതാക ഉയര്‍ത്തണമെന്നത് നാളെ 4 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അറിയിച്ചു.