തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കിയത് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാട് മൂലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദര്‍ശനവും പൊരുത്തപ്പെടാത്തതാണ് കാരണം. ആരൊക്കെ ഏച്ചുകെട്ടാന്‍ ശ്രമിച്ചാലും പൊരുത്തപ്പെടില്ല. ശ്രീ നാരായണ ഗുരുവിനെ അവതരിപ്പിച്ചതിനാണ് കേരളത്തെ മാറ്റി നിര്‍ത്തിയതെന്നും കോടിയേരി വിമര്‍ശിച്ചു. ദേശാഭിമാനി ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍. ശ്രീനാരായണ ദര്‍ശനവും സംഘപരിവാറും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’, ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ തുടങ്ങിയ കാഴ്ചപ്പാടാണല്ലോ ശ്രീനാരായണ ദര്‍ശനത്തിന്റെ അടിസ്ഥാനം. ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും ജാതീയതയെയും തന്റെ ജീവിതം കൊണ്ട് പ്രതിരോധിച്ച ശ്രീനാരായണ ഗുരുവിനെ ചാതുര്‍വര്‍ണ്യത്തിന്റെ വക്താക്കള്‍ക്ക് അംഗീകരിക്കാനാകാത്തതില്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ല.
എല്ലാ മതങ്ങളുടെയും സാരാംശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നുമുള്ള കാഴ്ചപ്പാടായിരുന്നു ശ്രീനാരായണ ഗുരുവിന്റേത് എന്ന് വ്യക്തം. ആരൊക്കെ ഏച്ചുകൂട്ടാന്‍ ശ്രമിച്ചാലും ഒരിക്കലും പൊരുത്തപ്പെടാത്ത ഒന്നാണ് സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടും ശ്രീനാരായണ ദര്‍ശനവുമെന്ന് വെളിപ്പെടുത്തുന്നതാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികമാചരിക്കുന്ന ഈ ഘട്ടത്തില്‍ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചുവെന്നതിന്റെ പേരില്‍ കേരളം മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്.
സംഘപരിവാര്‍ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ തയ്യാറാകാത്ത കേരളത്തിനോടുള്ള പ്രതികാരംകൂടിയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ആഘോഷങ്ങളുടെ ചരിത്രത്തില്‍ ഇതൊരു തീരാക്കളങ്കമായി എന്നും അവശേഷിക്കുമെന്നും അദ്ദേഹം കുറിച്ചു.