കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് കോടിയേരി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല, ചേര്‍ത്ത് നിര്‍ത്തി വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കെറെയില്‍ സമരം രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.

കെ റെയിലിന്റെ പേരില്‍ നടക്കുന്നത് സമരാഭാസമാണ്. നാട്ടില്‍ മാറ്റങ്ങളും വികസനവുമുണ്ടാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. സമരം നടത്തി പേടിപ്പിക്കാമെന്ന ചിന്ത കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ട. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാണ് സമരം ചെയ്യാന്‍ കോണ്‍ഗ്രസ് പഠിച്ചത്. സിപിഐഎം ചെയ്തത്ര സമരമൊന്നും കോണ്‍ഗ്രസ് ചെയ്തിട്ടില്ല. മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ട് സര്‍ക്കാരിന് എന്ത് കിട്ടാനാണെന്നും കോടിയേരി ചോദിച്ചു.

സമരത്തിന്റെ പേരില്‍ പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗ തടസം സൃഷ്ടിച്ചാല്‍ നടപടിയുമായി മുന്നോട്ട് പോകും. സമരത്തിന് ഇറങ്ങുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ കാര്യമല്ല. യുഡിഎഫ് കാലത്ത് നിരവധി സമരങ്ങളില്‍ സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളെ സമരരംഗത്ത് കൊണ്ടുപോകുന്നത് ബോധപൂര്‍വ്വമാണെന്നും കോടിയേരി പറഞ്ഞു. നന്ദിഗ്രാമാക്കരുത് എന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം വ്യക്തമാണെന്നും കോടിയേരി പറഞ്ഞു. കെ കരുണാകരനെ പോലെ ദീര്‍ഘദൃഷ്ടിയോടെയുള്ള തീരുമാനങ്ങളെടുക്കുന്ന നേതൃത്വം കോണ്‍ഗ്രസിന് ഇന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെയും കോടിയേരി പരിഹസിച്ചു. ബിജെപിയുമായി ചേര്‍ന്ന് സമരം നടത്താന്‍ നേതാക്കള്‍ക്ക് നേതൃത്വം അനുവാദം നല്‍കിയിട്ടുണ്ടെന്നും ഇത് ഇരട്ടത്താപ്പാണെന്നും കോടിയേരി വ്യക്തമാക്കി.

കൂടാതെ, സിപിഐ രാജ്യസഭാസീറ്റ് വില പേശി വാങ്ങിയെന്നത് ശരിയല്ല. സിപിഐ വില പേശുന്ന പാര്‍ട്ടിയല്ലെന്നും എല്‍ഡിഎഫ് തീരുമാനമനുസരിച്ചാണ് സീറ്റ് വിഭജനം എന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടികാട്ടി.

Top