കോടിയേരി ആര് സൂപ്പർ മുഖ്യമന്ത്രിയാണോ, 23 പൊലീസുകാരുടെ കാവൽ എന്തിനെന്ന് ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിക്ക് കമാന്‍ണ്ടോകളടക്കം 40 പൊലീസുകാരുടെ സുരക്ഷയുള്ളത് അംഗീകരിക്കാം കാരണം അദ്ദേഹത്തിന് കൊടിയ ശത്രുക്കള്‍ കേരളത്തിന് അകത്തും പുറത്തും ഉണ്ട്.

എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് 23 പൊലീസുകാര്‍ എന്തിനാണ് ? ഈ ചോദ്യത്തിന് യുക്തിപരമായ ഉത്തരം നല്‍കാന്‍ പൊലീസ് തലപ്പത്തുള്ളവര്‍ക്കു മാത്രമല്ല, സി.പി.എം നേതാക്കള്‍ക്കു പോലും കഴിയുന്നില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ച കാലയളവില്‍ ഒരു ഗണ്‍മാനുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. ഒരു പൊലീസ് അകമ്പടിയും ഇല്ലായിരുന്നു. മുന്‍ മന്ത്രി കൂടിയായിട്ടും ആവശ്യമില്ലാതെ സുരക്ഷ പിണറായി ആവശ്യപ്പെട്ടിരുന്നില്ല.

പാര്‍ട്ടി സഖാക്കള്‍ നോക്കിക്കൊള്ളും മറ്റെല്ലാം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി മുഖ്യമന്ത്രിക്ക് സമാനമായ പകിട്ടിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.

ലോക്കല്‍ പൊലീസ് അകമ്പടി അദ്ദേഹത്തിന് നല്‍കുന്നത് സംബന്ധിച്ച് നേരത്തെ വിവാദമുയരുകയും ചെയ്തിരുന്നു.

മന്ത്രിമാരായിട്ടും എ.കെ.ബാലനും രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ 3 പൊലീസുകാരുടെ സേവനമാണ് ഉപയോഗിക്കുന്നത്.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് 8 പൊലീസുകാരുടെ സുരക്ഷയുണ്ട്. സ്പീക്കര്‍ ശ്രീരാമകഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കറും ചില മന്ത്രിമാരും 5 വീതം പൊലീസുകാരെയും കൂടെ നിര്‍ത്തിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, വി.എസ് അച്യുതാനന്ദന്‍ , ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് 6 വീതം പൊലീസുകാരെയാണ് അനുവദിച്ചിരിക്കുന്നത്.

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ഉള്‍പ്പെടെ മറ്റു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും രണ്ടു വീതം പൊലീസുകാരാണ്‌ സുരക്ഷാ ചുമതലയില്‍ ഉള്ളത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരിയും ഉള്‍പ്പെടും.

ഐ.പി.എസുകാരുടെ സുരക്ഷ വെട്ടിക്കുറക്കാന്‍ നീക്കം നടക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കളുടെ പുതിയ പട്ടികയും ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

Top