Kodiyeri’s article in Deshabhimani about zakir hussain issue

തിരുവനന്തപുരം: സംസ്ഥാന പൊലീസും സിപിഎം നേതൃത്വവും നേര്‍ക്കുനേര്‍…

നിയമലംഘകര്‍ സിപിഎം പ്രവര്‍ത്തകരായാലും ഒരു ദയയും വേണ്ടെന്ന മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദ്ദേശം നടപ്പാക്കാനിറങ്ങിയ പൊലീസ് നടപടിയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സക്കീര്‍ ഹുസൈനെതിരെ ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തള്ളി കോടിയേരി രംഗത്ത് വന്നിരിക്കുന്നത്.

ഗുണ്ടാ ആക്രമണത്തിനെതിരെ പ്രത്യേക സേന രൂപീകരിച്ചപ്പോള്‍ ആദ്യം തന്നെ ഈ കേസില്‍ സംസ്ഥാനത്ത് പ്രതി ചേര്‍ക്കപ്പെട്ടത് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്‍ ആയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ഇതിനിടെ സക്കീര്‍ ഹുസൈനെതിരെ വീണ്ടും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പ്രതിഷേധം പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായതിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സിപിഎം എറണാകുളം ജില്ലാ കമ്മറ്റി യോഗം സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറ്റി നിര്‍ത്തിയിരുന്നു.

ഈ നടപടി അപര്യാപ്തമാണെന്നും ഗുരുതരമായ കുറ്റത്തില്‍പ്പെട്ട സക്കീര്‍ ഹുസൈനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു വേണ്ടതെന്നുമാണ് സിപിഎമ്മിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടുമ്പോഴും ജില്ലാ കമ്മറ്റി അംഗമെന്ന നിലയില്‍ തുടരുന്നതിനാല്‍ ഇപ്പോഴും പ്രധാന തസ്തികയില്‍ തന്നെയാണ് സക്കീര്‍ ഹുസൈനെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

സക്കീറിനെതിരെ ഉയര്‍ന്ന പല ആരോപണങ്ങളിലും അദ്ദേഹം വാ തുറന്നാല്‍ പ്രമുഖ നേതാക്കള്‍ കുടുങ്ങുമെന്നതിനാലാണ് ഈ ‘സംരക്ഷണ’മെന്നാണ് ആക്ഷേപം.

സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ആളാണെന്നുമുള്ള പ്രചാരണം സിപിഎമ്മിനെ വികൃതമാക്കുന്നതിന് വേണ്ടിയാണെന്നാണ് കോടിയേരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

കളമശ്ശേരി സ്‌റ്റേഷനിലെ 11ഉം തൃക്കാക്കര സ്‌റ്റേഷനിലെ 4ഉം ഉള്‍പ്പെടെ 15 കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പ്രതി ബിസിനസ്സ് തര്‍ക്കത്തില്‍ ഇടപെട്ട് സിവില്‍ കേസ് പിന്‍വലിക്കണമെന്നും ധാരണാ പത്രത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടെന്നും, കൂട്ട് പ്രതികള്‍ പാര്‍ട്ടി ഏരിയാ കമ്മറ്റി ഓഫീസിലെത്തിച്ച വ്യവസായിയെ ഏരിയാ സെക്രട്ടറിയായ പ്രതി തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സക്കീര്‍ ഹുസൈനെയും മറ്റ് പ്രതികളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നറിയുന്നതിനും വ്യവസായിയെ തട്ടിക്കൊണ്ട് പോയ കാര്‍ പിടിച്ചെടുക്കുന്നതിനും കസ്റ്റഡിയില്‍ അനിവാര്യമാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സക്കീര്‍ ഹുസൈന്‍ റൗഡി പശ്ചാത്തലമുള്ളയാളാണെന്ന് ഹൈക്കോടതില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് കോടിയേരിയുടെ പ്രതികരണം.

സക്കീര്‍ ഹുസൈനെതിരായ കേസുകളെല്ലാം ജനകീയ പ്രശ്‌നങ്ങളുമായ ബന്ധപ്പെട്ട സമരങ്ങളില്‍ പങ്കെടുത്തതിനാണെന്നാണ് കോടിയേരി വാദിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തെ സംബന്ധിച്ച് ഇപ്പോള്‍ പരാതി നല്‍കാന്‍ ഇടയാക്കിയ സാഹചര്യം എന്താണെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതിയും എന്തെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

അതേസമയം സിപിഎം പോലുള്ള ഒരു പാര്‍ട്ടിയുടെ നേതാവിനെതിരെ പാര്‍ട്ടി ഭരിക്കുമ്പോള്‍ തന്നെ ഗുരുതരമായ കേസ് ചുമത്തിയ പശ്ചാത്തലത്തില്‍ പാര്‍ട്ടി കടുത്ത നടപടി സ്വീകരിക്കാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവം മുന്‍നിര്‍ത്തി തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യപിച്ചപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടിയാണ് എറണാകുളത്ത് വിചിത്രമായ ‘തട്ടിക്കൂട്ട്’ നടപടി സ്വീകരിച്ചതെന്നത് സിപിഎം അണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഈ നടപടിക്ക് പിന്നിലെ ‘ദുരൂഹത’യിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസെടുത്ത നടപടിയെ പരോക്ഷമായാണെങ്കില്‍ പോലും ചോദ്യം ചെയ്ത കോടിയേരിയുടെ നടപടി പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴിക്കാണെന്ന പ്രചരണത്തെ ശക്തിപ്പെടുത്തുന്നതാണ്. ഇത് വലിയ വിവാദത്തിനാണ് ഇപ്പോള്‍ തിരികൊളുത്തിയിരിക്കുന്നത്.

Top