ലാഹോര്‍: കോഹിനൂര്‍ രത്‌നം ബ്രിട്ടനില്‍ നിന്ന് പാകിസ്ഥാന് തിരിച്ചു വാങ്ങാനാവില്ലെന്ന് പഞ്ചാബ് പ്രവിശ്യാസര്‍ക്കാര്‍ ലാഹോര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള 1849ലെ ലാഹോര്‍ ഉടമ്പടി പ്രകാരമാണ് മഹാരാജ രണ്‍ജീത് സിംഗ് കോഹിനൂര്‍ രത്നം കൈമാറിയതെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.
കോഹിനൂര്‍ രത്‌നത്തിന് പാകിസ്ഥാന്‍ ഗവണ്‍മെന്റ് അവകാശവാദം ഉന്നയിക്കണമെന്നും മടക്കിക്കൊണ്ടുവരാന്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
മഹാരാജ രണ്‍ജീത് സിംഗും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് മെയ് 2ന് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം 1849ലെ കരാറിന് നിയമപരമായി സാധുതയില്ലെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ ജാവേദ് ഇഖ്ബാല്‍ ജാഫ്രിയുടെ വാദം. രണ്‍ജീത് സിംഗിന്റെ പൗത്രനായ ദലീപ് സിംഗില്‍ നിന്ന് ബ്രിട്ടീഷുകാര്‍ രത്‌നം ബലമായി പിടിച്ചെടുക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു.
1953ല്‍ ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിന്റെ കിരീടത്തില്‍ കോഹിനൂര്‍ രത്നം പതിച്ചിരുന്നു. എന്നാല്‍ എലിസബത്ത് രാജ്ഞിക്ക് കോഹിനൂര്‍ രത്നം കിരീടത്തില്‍ വക്കാനുള്ള യാതൊരു അര്‍ഹതയുമില്ലെന്നും ജാഫ്രി പറയുന്നു.
പഞ്ചാബ് പ്രവിശ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ് കോഹിനൂര്‍ രത്നം. കോഹിനൂര്‍ രത്‌നം പാകിസ്ഥാനിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ പാകിസ്ഥാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജാഫ്രി ആവശ്യപ്പെട്ടു.
ഇന്ത്യയും ഇതേ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. സിഖ് യുദ്ധത്തിലെ സഹായത്തിന് രണ്‍ജീത് സിംഗ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണ് കോഹിനൂര്‍ രത്‌നമെന്നും അത് ബലമായി പിടിച്ചുകൊണ്ടുപോയതോ മോഷ്ടിച്ചതോ അല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.