ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കോലിയും രോഹിതും ഒരുമിച്ച് കളിക്കില്ല; അണയാതെ വിവാദം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ വിവാദക്കൊടുങ്കാറ്റ് ഉയർത്തിയ നായക മാറ്റത്തിനു പിന്നാലെ, ആദ്യ പരമ്പരയിൽത്തന്നെ ഇരു ക്യാപ്റ്റൻമാരും ഒരുമിച്ചു കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ബോധപൂർവമല്ലെങ്കിലും വിരാട് കോലി നയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയും, രോഹിത് ശർമ നയിക്കുന്ന ഏകദിന പരമ്പരയിൽ വിരാട് കോലിയും കളിക്കില്ല. ട്വന്റി20, ഏകദിന ടീമുകളുടെ നായകനായി രോഹിത് ശർമ എത്തിയതോടെ, ഇരട്ട ക്യാപ്റ്റൻസി ശൈലിയിലേക്കു മാറിയശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയിലാണ് ക്യാപ്റ്റൻമാർക്ക് ഒരുമിച്ചു കളിക്കാൻ അവസരം ലഭിക്കാതെ പോകുന്നത്.

നായക മാറ്റവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം ഇപ്പോഴും കെടാതെ നിൽക്കുന്നതിനാൽ, ക്യാപ്റ്റൻമാർക്ക് ഒരുമിച്ചു കളിക്കാനാകാതെ പോകുന്നത് വിവിധ അഭ്യൂഹങ്ങൾക്കും വഴി തെളിച്ചു.

ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടതിനു പിന്നാലെ ടെസ്റ്റ് ടീമിന്റെ ഉപനായക പദവിയും ലഭിച്ച രോഹിത് ശർമയ്ക്ക്, പരിശീലനത്തിനിടെ പരുക്കേറ്റതാണ് തിരിച്ചടിയായത്. പരിശീലനത്തിനിടെ കൈയിൽ പന്തേറുകൊണ്ട രോഹിത്തിനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു. വളരെക്കാലമായുള്ള പേശിവലിവും രോഹിത്തിനെ വലയ്ക്കുന്നുണ്ടെന്നു ബിസിസിഐ അറിയിച്ചു. പരുക്കു ഭേദമാകാൻ 4 ആഴ്ച വേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ. 26നു പ്രിട്ടോറിയയിൽ ആദ്യ ടെസ്റ്റ് തുടങ്ങും. ഏകദിന പരമ്പര ജനുവരി 19നാണു തുടങ്ങുന്നത്.

ഇതിനു പിന്നാലെയാണ് രോഹിത് ശർമ മുഴുവൻ സമയ നായകനായ ശേഷമുള്ള ആദ്യ പരമ്പരയിൽ കോലിയും കളിക്കില്ലെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. മകൾ വാമികയുടെ ജൻമദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കോലി ഏകദിന പരമ്പരയിൽനിന്ന് പിൻമാറുന്നതെന്നതാണ് സൂചന. ടെസ്റ്റ് പരമ്പരയ്ക്കുശേഷം കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന് ഏകദിന പരമ്പരയിൽനിന്ന് മാറിനിൽക്കാൻ അനുമതി തേടി വിരാട് കോലി ബിസിസിഐയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Top