മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങി ഇന്ത്യ. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടത്തില്‍ക്കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. മത്സരത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് സൂപ്പര്‍താരം വിരാട് കോലിയാണ്. ലോകകപ്പില്‍ മാരക ഫോമില്‍ കളിക്കുന്ന കോലി നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്.
ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 594 റണ്‍സാണ് താരം ഇതുവരെ അടിച്ചെടുത്തത്. അവസാന അഞ്ചുമത്സരങ്ങളില്‍ നിന്ന് മാത്രമായി കോലി 335 റണ്‍സാണ് നേടിയത്. ന്യൂസീലന്‍ഡിനെതിരേ ഈ ഫോം തുടര്‍ന്നാല്‍ കോലിയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള മൂന്ന് റെക്കോഡുകള്‍ മറികടക്കാം.
ഏകദിനത്തിലെ 50 സെഞ്ചുറികളാണ് ആദ്യത്തെ റെക്കോഡ്. ഏകദിനത്തില്‍ ആദ്യമായി 50 സെഞ്ചുറികള്‍ നേടുന്ന താരം എന്ന റെക്കോഡ് കോലിയ്ക്ക് ന്യൂസീലന്‍ഡിനെതിരേ ശതകം നേടിയാല്‍ സ്വന്തമാക്കാം. നിലവില്‍ സച്ചിന്‍ നേടിയ 49 സെഞ്ചുറിയുടെ റെക്കോഡിനൊപ്പമാണ് കോലി. 2003 ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സ് നേടിയിട്ടുണ്ട്. കോലിയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ത്തന്നെ 594 റണ്‍സുണ്ട്. ഇനി 80 റണ്‍സ് കൂടി നേടിയാല്‍ കോലി ഈ റെക്കോഡ് മറികടക്കാം.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം അമ്പതിലധികം സ്‌കോര്‍ ചെയ്ത താരം എന്നതാണ് അടുത്ത റെക്കോഡ്. നിലവില്‍ ഷാക്കിബ് അല്‍ ഹസ്സന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് കോലി. മൂന്ന് പേരും ഏഴുതവണയാണ് അമ്പതിലധികം സ്‌കോര്‍ ചെയ്തത്. ഒരു അര്‍ധസെഞ്ചുറി കൂടി നേടിയാല്‍ കോലി ഇരുവരെയും മറികടന്ന് ഒന്നാമതെത്തും. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെയാണ് കോലി റെക്കോഡിനൊപ്പമെത്തിയത്. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയുമാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ന്യൂസീലന്‍ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി. മത്സരത്തില്‍ സൂപ്പര്‍ താരം 95 റണ്‍സാണ് നേടിയത്.