പരിശീലകനെ കൊഹ്‌ലിക്ക് തീരുമാനിക്കാമെങ്കില്‍ ഹര്‍മനും ആകാം: ഡയാന എഡുല്‍ജി

മുംബൈ: ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ മിതാലി രാജിനെ കളിപ്പിക്കാതിരുന്ന വിവാദത്തില്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പിന്തുണയുമായി സി.ഒ.എ അംഗം ഡയാന എഡുല്‍ജി.

പുരുഷ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ബി.സി.സി.ഐ, സി.ഇ.ഒ രാഹുല്‍ ജോഹ്രിക്ക് എസ്.എം.എസ് അയക്കാമെങ്കില്‍ എന്തുകൊണ്ട് ഹര്‍മന്‍പ്രീതിനും സ്മൃതി മന്ദാനയ്ക്കും ടീമിന് ഗുണമാണെന്ന് തോന്നുന്ന വിഷയത്തെ കുറിച്ച് ഇമെയില്‍ അയച്ചു കൂടായെന്ന് ഡയാന ചോദിച്ചു.

ഇത് സംബന്ധിച്ച അംഗങ്ങളുടെ ഇ-മെയില്‍ ചാറ്റിങ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണസമിതിയില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമായത്. പുരുഷ ടീമിന്റെ കോച്ചിനെ പുറത്താക്കുന്നതും നിയമിക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ക്യാപ്റ്റനോ താരങ്ങളോ ഇടപെടാറില്ലെന്ന സി.ഒ.എ ചീഫ് വിനോദ് റായിയുടെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

Top