ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ കൊഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട പേര് രോഹിത് ശര്‍മ്മയുടേതുമായിരുന്നു. ഇതിന് പിന്നാലെ ഓരോ ഫോര്‍മാറ്റിനും വ്യത്യസ്ത ക്യാപ്റ്റനെന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഫോര്‍മ്മാറ്റ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ബിസിസിഐ കൊണ്ട് വരുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് കൊഹ്ലി തന്നെ ഇന്ത്യന്‍ നായകനായി തുടരുമെന്ന് ബിസിസിഐ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
എല്ലാ ഫോര്‍മ്മാറ്റുകളിലും വിരാട് കൊഹ്ലി തന്നെ ക്യാപ്റ്റനായി തുടരും. നിലവില്‍ ഇന്ത്യന്‍ നായകനാവാന്‍ ഏറ്റവും അനുയോജ്യന്‍ കൊഹ്ലി ആണെന്ന് സെലക്ഷന്‍ കമ്മറ്റിക്കുള്ളിലും അഭിപ്രായമുണ്ട്. ഞായറാഴ്ച വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ നായക സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാവിധ അഭ്യൂഹങ്ങള്‍ക്കും അവസാനമാകുമെന്നും, കൊഹ്ലി തന്നെ തുടര്‍ന്നും ടീമിനെ നയിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.